03:27pm 20 August 2026
NEWS
സുരഭിലം ഗ്ലോബൽ ലോകമലയാള സാഹിത്യവേദിയിൽ കൂടുതൽ ശ്രദ്ധേയമാവുന്നു.
20/08/2026  11:42 AM IST
വിഷ്ണുമംഗലം കുമാർ
സുരഭിലം ഗ്ലോബൽ ലോകമലയാള സാഹിത്യവേദിയിൽ കൂടുതൽ ശ്രദ്ധേയമാവുന്നു


സുരഭിലം ഗ്ലോബലും ബാംഗ്ലൂർ കേരളസമാജവും  സംയുക്തമായി സംഘടിപ്പിച്ച സുരഭിലം സർഗ്ഗസംഗമം 2026 വിജയകരമായി പര്യവസാനിച്ചു ബാംഗ്ലൂർ ഇന്ദിരാനഗർ കൈരളി നികേതൻ സ്കൂൾ ഓഡിറ്റോറിയത്തിൽ, കേരള സമാജം പ്രസിഡന്റ്  എം. ഹനീഫിന്റെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന സമ്മേളനത്തോടെ ആരംഭിച്ച ഏകദിന പരിപാടിയിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 200-ലേറെ സാഹിത്യ–സാംസ്കാരിക പ്രതിഭകൾ പങ്കെടുത്തു.
ശ്രീമതി ഇന്ദിര ബാലൻ നേതൃത്വം നൽകിയ കാവ്യവേദി, കേരളത്തിൽ നിന്നെത്തിയ പ്രശസ്തരായ സാഹിത്യ പ്രവർത്തകരുടെ പ്രഭാഷണങ്ങൾ, സർഗ്ഗസംഗമ സംവാദം, പുസ്തകപ്രകാശനം, എഴുത്തുകാരെ പരിചയപ്പെടുത്തൽ, പുസ്തകച്ചന്ത തുടങ്ങി വിവിധ സെഷനുകളിലായി വൈവിധ്യം നിറഞ്ഞ സർഗ്ഗാത്മക പരിപാടികളാൽ സമ്പന്നമായിരുന്നു സുരഭിലം സർഗ്ഗസംഗമം 2026.
കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ, കവിയും യുക്തിചിന്തകനുമായ കുരീപ്പുഴ ശ്രീകുമാർ, എഴുത്തുകാരനും പരിസ്ഥിതി പ്രവർത്തകനുമായ സുരേഷ് മണ്ണാറശാല, കവിയും ചിത്രകാരിയുമായ അനുരാധ നാലപ്പാട്, കവിയും അധ്യാപികയും എഴുത്തുകാരിയുമായ അനാമിക ഹരിപ്പാട് എന്നിവർക്കൊപ്പം ഗോവയിൽ നിന്നുള്ള രാജേശ്വരി, ചെന്നൈയിൽ നിന്നുള്ള എഴുത്തുകാരൻ ശ്രീകുമാർ, അഹമ്മദാബാദിൽ നിന്നുള്ള സിന്ധു രാമചന്ദ്രൻ, മുംബൈയിൽ നിന്നുള്ള രേഖരാജ് തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ എഴുത്തുകാരുടെ സാന്നിധ്യം ഈ വർഷത്തെ സർഗ്ഗസംഗമത്തിന് കൂടുതൽ മിഴിവേകി.
ബാംഗ്ലൂരിലും ഇന്ത്യയിലെ മറ്റു നഗരങ്ങളിലും വിദേശത്തുമായി പ്രവർത്തിക്കുന്ന 135 എഴുത്തുകാരുടെ സർഗരചനകൾ ഉൾക്കൊള്ളിച്ച സുരഭിലം–2 സാഹിത്യസമാഹാരം ആലങ്കോട് ലീലാകൃഷ്ണൻ ബാംഗ്ലൂരിലെ പ്രശസ്ത എഴുത്തുകാരി കെ. ടി. ബ്രിജിക്ക് നൽകി പ്രകാശനം ചെയ്തു. ഇതോടൊപ്പം എഴുത്തുകാരായ ഡോ. സുഷമ ശങ്കർ, എം. എൻ. ആർ. നായർ, അർച്ചന സുനിൽ, സിന കെ. എസ്., രമാ പ്രസന്ന പിഷാരടി, കെ. പ്രഭാകരൻ എന്നിവരുടെ പുസ്തകങ്ങളും ചടങ്ങിൽ പ്രകാശനം ചെയ്തു.
210 എഴുത്തുകാരുടെ വിശദവിവരങ്ങൾ ഉൾക്കൊള്ളുന്ന സുരഭിലം ഗ്ലോബൽ വെബ്സൈറ്റ്  എം. എൻ. ആർ. നായർ ഉദ്ഘാടനം ചെയ്തു.  കൃഷ്ണ ഗോവിന്ദ് സുരഭിലം വെബ്സൈറ്റിലെ പ്രത്യേകതകളെ  യോഗത്തിനു പരിചയപ്പെടുത്തി. നൂറോളം പ്രവാസി എഴുത്തുകാരുടെ ഡിജിറ്റൽ പ്രൊഫൈലുകൾ അവതരിപ്പിക്കുന്ന പ്രത്യേക പരിപാടി  അനീസ് സി. സി. ഒ.യുടെ നേതൃത്വത്തിൽ നടന്നു. കേരളസമാജം അവതരിപ്പിച്ച തിരുവാതിരയടക്കമുള്ള കലാപരിപാടികൾ സർഗ്ഗസംഗമത്തിനെ കൂടുതൽ വർണാഭമാക്കി.
എം. ഹനീഫ്, റെജികുമാർ, കെ. ആർ. കിഷോർ, വി. ആർ. ഹർഷൻ, ഡോ. തൊടുപുഴ പത്മനാഭൻ, ഡോ. എം. എൻ. ആർ. നായർ, ഡോ. പ്രേംരാജ്, ശാന്തകുമാർ എലപ്പുള്ളി, അനീസ് സി. സി. ഒ., ഇന്ദിരാബാലൻ, കെ. കവിത, ബ്രിജി കെ. ടി., സതീഷ് തോട്ടശ്ശേരി, കൃഷ്ണ ഗോവിന്ദ്, രമ പ്രസന്ന പിഷാരടി, മായാ ബി നായർ, ശിവകുമാർ എസ്., ജോർജ്ജ് തോമസ്, സഞ്ജയ് അലക്സ് തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു. കേരളസമാജം ജനറൽ സെക്രട്ടറി റെജികുമാർ ആശംസാസന്ദേശം നൽകി.
തങ്കച്ചൻ പന്തളം, അർച്ചന സുനിൽ, സിന്ധു ഗാഥ, മീരാ നാരായണൻ, ഹസീന ഷിയാസ് എന്നിവർ കാര്യപരിപാടികൾ നിയന്ത്രിച്ചു. ജനറൽ കോർഡിനേറ്റർ ഡോ. സുഷമ ശങ്കർ സ്വാഗതവും കൺവീനർ എസ്. കെ. നായർ നന്ദിയും രേഖപ്പെടുത്തി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img